logo

0466 2253700, 9383425440

About Temple

നട തുറക്കുന്ന സമയം രാവിലെ 5:30 മണി മുതല്‍ 10:30 മണി വരെ വൈകുന്നേരം 5 മണി മുതൽ 8 മണി വരെ     

പന്നിയൂരില്‍ നിന്നും അടുത്തകാലത്ത് ലഭിച്ച ശിലാലിഖിതത്തില്‍ നിന്നും ഏകദേശം 1200 വര്‍ഷം മുമ്പ് പന്നിയൂര്‍ ക്ഷേത്രത്തോട് ബന്ധപ്പെട്ട് പന്നിയൂര്‍ ആയിരം എന്ന ആയിരം പേരടങ്ങിയ ഒരു സംഘം (സാംസ്കാരിക സംഘം) പ്രവര്‍ത്തിച്ചിരുന്നതായി കണ്ടിരിക്കുന്നു. ഇതില്‍ നിന്നും 1200 വര്‍ഷം മുമ്പ് ഈ ക്ഷേത്രം മലയാളദേശത്തെ പ്രമുഖ ക്ഷേത്രമായിരുന്നുവെന്ന് ചരിത്രകാരന്മാരും സമ്മതിച്ചു കഴിഞ്ഞു.

ഏകദേശം ഏഴോ എട്ടോ നൂറ്റാണ്ടുകള്‍ക്കു മുമ്പ് നടന്ന ചേര ചോള യുദ്ധങ്ങള്‍ കൊണ്ടോ, കൊച്ചിരാജാവും സാമൂതിരിയും തമ്മിലുള്ള യുദ്ധങ്ങള്‍കൊണ്ടോ ക്ഷേത്രം കുറെയൊക്കെ നാമാവശേഷമായി. ഒരു കാലത്ത് മലയാള ചരിത്രത്തിലെ കുപ്രസിദ്ധമായ പന്നിയൂര്‍-ശുകപുരം കൂറു മത്സരങ്ങള്‍ ഇതിനു പിന്നിലുണ്ടെന്നും പറയപ്പെടുന്നു. അങ്ങിനെ മലയാള സംസ്കാരത്തിന്‍റെ കളിത്തൊട്ടിലും കളിയരങ്ങുമായിരുന്ന പന്നിയൂര്‍ സംസ്കാരവും പന്നിയൂര്‍ ഗ്രാമക്ഷേത്രവും നാമാവശേഷമായിപ്പോയി.

ശ്രീ. പരശുരാമന്‍ ക്ഷത്രിയരോട് യുദ്ധം ചെയ്ത് നേടിയെടുത്ത സ്ഥലം മുഴുവന്‍ കാശ്യപന് ദാനം ചെയ്ത് തനിക്ക് തപസ്സനുഷ്ഠിക്കാനായി കടലില്‍ നിന്നും വീണ്ടെടുത്ത ഭൂവിഭാഗമാണ് കേരളം എന്നാണ് ഐതിഹ്യം.

അങ്ങനെയുള്ള കേരളം പൊതുവെ ഉയര്‍ന്നുവരുന്നതായും ചലിക്കുന്നതായും കണ്ട് നാരദമഹര്‍ഷിയോട് അതിന് പ്രതിവിധി ആരായുകയും വൈകുണ്ഠനാഥനെ ശരണം പ്രാപിച്ചാല്‍ നിവൃത്തി ലഭിക്കുമെന്ന നിര്‍ദ്ദേശത്തിന്മേല്‍ മഹാവിഷ്ണുവിനെ ഉപാസിച്ചു പ്രീതനായി മഹാവിഷ്ണു അരുളിചെയ്തു. പണ്ട് ഭൂമിയെ ഉദ്ധരിക്കാനായി ചെയ്ത എന്‍റെ വരാഹവതാര രൂപത്തെ പ്രതിഷ്ഠിച്ച് പൂജിക്കുക. അവിടെ ത്രിമൂര്‍ത്തി സാന്നിദ്ധ്യം ഉണ്ടായിരിക്കും. ഈ ഉപദേശം അനുസരിച്ച് തന്‍റെ ഭൂവിഭാഗത്തിന്‍റെ മദ്ധ്യത്തിലായി ശ്രീ. വരാഹപ്രതിഷ്ഠ നടത്തി ശ്രീകോവില്‍ പണി കഴിപ്പിച്ചു. പൂജാനുഷ്ഠാനങ്ങള്‍ ക്രമീകരിച്ചു വച്ചു. ആ പുണ്യസ്ഥലമത്രേ ഇപ്പോഴത്തെ പന്നിയൂര്‍ മഹാക്ഷേത്രം. 600 വര്‍ഷങ്ങള്‍ക്കുമുമ്പ് ജീവിച്ചിരുന്ന അപ്പത്ത് അടീരി എന്ന മഹാപണ്ഡിതന്‍ വട്ടെഴുത്തില്‍ ചെമ്പു തകിടില്‍ എഴുതിയ ആത്മകഥയും ഭാവി പ്രവചനങ്ങളും ഈ അടുത്ത കാലത്താണ് കണ്ടുകെട്ടിയതെങ്കിലും മലയാള ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയതും. 12 കൊല്ലം തപസ്സ് ചെയ്ത് ശിവനെപ്രത്യക്ഷപ്പെടുത്തിയ ഈ മഹാപണ്ഡിതന്‍റെ പ്രവചന പ്രകാരം ഈ ക്ഷേത്രം വീണ്ടും പഴയ പ്രശസ്തിയിലേക്കും ഐശ്വര്യത്തിലേക്കും തിരിച്ചെത്തുമെന്ന് കാണുന്നു. അദ്ദേഹം പ്രവചിച്ച കാലവുമായി കഴിഞ്ഞു

. ഐശ്വര്യപൂജ: കുടുംബ ഐശ്വര്യത്തിനായി നടത്തുന്ന പൂജയാണിത്. ഓരോ ഭക്തനും അടയ്ക്കുന്ന 1000 രൂപ ബാങ്കില്‍ സ്ഥിരമായി നിക്ഷേപിക്കും. അതിന്‍റെ ഒരു വര്‍ഷത്തെ പലിശകൊണ്ട് കൊല്ലത്തില്‍ ഒരു ദിവസം പൂജ നടത്തി പ്രസാദം അയച്ചു കൊടുക്കുന്നു. ഈ പൂജ ആയുഷ്കാല പൂജയാണ്.

പെരുന്തച്ചന്‍ സ്വന്തം മകന്‍റെ അകാല നിര്യാണത്തിന് താന്‍ തന്നെ കാരണക്കാരനായ മനപ്രയാസം മൂലം നാടും വീടും വിട്ട് ചുറ്റിത്തിരിയുന്ന അവസരത്തില്‍ പന്നിയൂര്‍ എത്തിച്ചേര്‍ന്നു. പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്ന ക്ഷേത്രപണിപ്പുരക്കരികില്‍ ക്ഷീണിച്ച് അവശനും പ്രാകൃതവേഷക്കാരനുമായ പെരുന്തച്ചന്‍ എന്തെങ്കിലും കിട്ടുമോ എന്ന ഉദ്ദേശത്തില്‍ കുറെ നേരം ഉരുന്നെങ്കിലും ഭക്ഷണത്തിന് പിരിഞ്ഞുപോകുന്ന സമയം തന്നോട് യാതൊരു ആതിഥ്യമര്യാദ പോലും കാണിക്കാതെ പോയ സ്വകുലത്തിലെ പ്രവൃത്തിക്കാരുടെ പെരുമാറ്റത്തില്‍ കുണ്ഠിതം തോന്നിയ അദ്ദേഹം പണിപ്പുരയില്‍ കയറി ഒട്ടാകെ ഒന്നു വീക്ഷിച്ചു. ശ്രീകോവിലിന് പണികഴിച്ച കഴുക്കോലുകളുടെ തലപ്പത്ത് ഓരോ വരയിട്ട് മെല്ലെ സ്ഥലം വിട്ടു. ഭക്ഷണശേഷം തിരിച്ചെത്തിയആശാരിമാര്‍ അവസാനപണിക്കിടയില്‍ വരകണ്ട സ്ഥലത്ത് എല്ലാ കഴുക്കോലുകളും മുറിച്ച് ശരിയാക്കി. കൂട്ട്കൂട്ടി നോക്കും വേളയില്‍ കഴുക്കോലുകളുടെ നീളക്കുറവില്‍ അമ്പരന്നു. കാര്യം മനസ്സിലാക്കിയ മൂത്താശ്ശാരി ചതിച്ചല്ലോ ഈശ്വരാ! ആരാണീ പണി ചെയ്തത്? എന്ന് ഉറക്കെ നിലവിളിച്ചു. എടുത്ത പണി പാഴായിപോയാല്‍ ജീവിതം മുഴുവന്‍ തൊഴില്‍ നഷ്ടപ്പെടില്ലേ? ജീവനും ആപത്തല്ലേ? ഇവയൊക്കെ ചിന്തിച്ച് കുണ്ഠിതപ്പെട്ടിരിക്കുമ്പോഴാണ് തങ്ങള്‍ ഗൗനിക്കാതെ പണിപ്പുരയില്‍ ഒറ്റക്കാക്കിപ്പോയ ആ ഭ്രാന്തനെപ്പോലയുള്ള കാരണവരെക്കുറിച്ചോര്‍ത്തത്. അസാമാന്യനായ അദ്ദേഹം ഒരു പക്ഷേ നമ്മുടെ കുലശ്രേഷ്ഠനായ പെരുന്തച്ചനാ യിരിക്കും എന്ന തോന്നലില്‍ പാശ്ചാത്താപബുദ്ധിയില്‍ എല്ലാവരും അദ്ദേഹത്തെ കണ്ടുപിടിച്ച് മാപ്പപേക്ഷിക്കാനായി ചിന്തിച്ചങ്ങനെ രാത്രി കഴിച്ചുകൂട്ടി. രാത്രി സമയത്ത് ഗംഭീര തട്ടും മുട്ടും കേട്ട് എല്ലാവരും പണിപ്പുരയിലേക്കോടി. ശ്രീകോവില്‍ മേല്‍ക്കൂര കൂട്ടുകൂട്ടി അവസാനപണിയുടെ മേളമാണ് തങ്ങള്‍ കേട്ടതെന്ന് മനസ്സിലാക്കിയ അവര്‍ അതിനു മുകളില്‍ മുമ്പു കണ്ട പ്രാകൃതനായ കാരണവരെയാണ് കണ്ടത്.

മൂത്താശ്ശാരിയടക്കം എല്ലാവരും തങ്ങളുടെ തെറ്റ് ഏറ്റുപറഞ്ഞ് അദ്ദേഹത്തിനുമുമ്പില്‍ സാഷ്ടാംഗം നമസ്കരിച്ചു. സങ്കടത്തോടെ അപേക്ഷിച്ചു. ഇവിടെ കൊണ്ട് ഞങ്ങള്‍ കുറച്ചുപേര്‍ നിത്യവും കഞ്ഞികുടിച്ചിരുന്നു. അങ്ങയുടെ ഈ പണി ഞങ്ങളെ വിഷമത്തിലാക്കിയല്ലോ? ചിരിപ്പിച്ചുകൊണ്ട് പെരുന്തച്ചന്‍ പറഞ്ഞുവത്രേ പന്നിയൂരമ്പലം പണിമൂടിയില്ല മക്കളേ - നമ്മുടെ കുലത്തിലൊരുവന് നിത്യവും ഇവിടെ പണിയുണ്ടാവും. സമാധാനിക്കുക. ഇന്നുമുതല്‍ ഞാന്‍ ഉളിയും മുഴക്കോലും തൊടുകയില്ല എന്നുപറഞ്ഞ് തന്‍റെ ഉളിയും മുഴക്കോലും അവിടെ വച്ച് ഇറങ്ങിപ്പോയി. അതാണ് പന്നിയൂരമ്പലത്തില്‍ ഇന്നും കാണുന്ന ഉളിയും മുഴക്കോലും എന്നാണ് ഐതീഹ്യം. 1983 ന് ശേഷം ഇവിടെ നടത്തിയ ദേവപ്രശ്നങ്ങളില്‍ നിന്നും ക്ഷേത്രം നാള്‍ക്കുനാള്‍ ഐശ്വര്യപ്പെട്ട് തിരുപ്പതി, ഗുരുവായൂര്‍, ശബരിമല തുടങ്ങിയ ക്ഷേത്രങ്ങളെപ്പോലെ പ്രശസ്തിയിലേക്കുയരുമെന്നും കാണുന്നു. ശ്രീ വരാഹമൂര്‍ത്തി ഭഗവാന്‍ ഇന്നാട്ടിലെ ജനങ്ങളെ അനുഗ്രഹിക്കാനായി പ്രഭാമയനായി വീണ്ടും ഇവിടെ അവതരിച്ചുകഴിഞ്ഞു എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതിന്‍റെ വിവിധ തരത്തിലുള്ള തെളിവുകള്‍ അനുഭവിച്ചറിയുന്നതായി ഭക്തജനങ്ങള്‍ കരുതുന്നു. അഭിഷ്ടസിദ്ധി (വിചാരിച്ച കാര്യം മനസ്സില്‍ പ്രാര്‍ത്ഥിക്കുന്നതു പോലെ നടക്കുക) എന്ന അനുഗ്രഹം വരാഹമൂര്‍ത്തിയില്‍ ഭക്തിയുള്ളവര്‍ക്ക് ലഭിക്കുന്ന തായി പറയപ്പെടുന്നു. തങ്ങളുടെ നേരെ വരുന്ന ഏതൊരാപത്തും മലപോലെ വന്ന് മഞ്ഞുപോലെ പോയതിനു കാരണം വരാഹമൂര്‍ത്തിയുടെ അനുഗ്രഹമാണെന്ന് ഭക്തന്മാര്‍ കരുതുന്നു.അതിനാല്‍ തന്നെ വരാഹമൂര്‍ത്തിയില്‍ ഭക്തിയുള്ള ഭക്തജനങ്ങളുടെ സംഖ്യ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നു. കേരളത്തില്‍ വരാഹരൂപത്തില്‍ വിഷ്ണുവിനെ പ്രതിഷ്ഠിച്ചിട്ടുള്ള പ്രധാന ക്ഷേത്രമാണിത്. വാടാകോവില്‍ െന്ന ശിവക്ഷേത്രവും മകരകുണ്ഡലമണിഞ്ഞ ശ്രീ അയ്യപ്പന്‍റെ ശ്രേത്രവും, ദുര്‍ഗ്ഗാഭഗവതി, ഗണപതി, സുബ്രഹ്മണ്യന്‍, ലക്ഷ്മീനാരായണന്‍ തുടങ്ങി ഉപദേവന്മാരുടെ ക്ഷേത്രങ്ങളുമുള്ള ഒരു മഹാക്ഷേത്രമാണിത്. ചിത്രഗുപ്തന്‍റെയും യക്ഷിയുടെയും സാന്നിദ്ധ്യം ഈ ക്ഷേത്രത്തിന്‍റെ പ്രത്യേകതകളാണ്. വലിയൊരു കൂത്തമ്പലത്തിന്‍റെ അവശിഷ്ടങ്ങളും കാണികള്‍ക്കിരിക്കാവുന്ന വിശാലമായ മൈതാനവും ഇവിടെ കാണാം. ചരിത്ര പ്രശസ്തമായ പന്നിയൂര്‍ തുറ ക്ഷേത്രത്തിന് തൊട്ടുവടക്കായി സ്ഥിതിചെയ്യുന്നു. വരാഹമൂര്‍ത്തി ക്ഷേത്രത്തിന് തൊട്ട് തെക്കുഭാഗത്തായി പരശുരാമന്‍ നിര്‍മ്മിച്ച മത്സ്യതീര്‍ത്ഥം ഉണ്ടായിരുന്നതായി കരുതപ്പെടുന്നു.
അഭിഷ്ട സിദ്ധിപൂജ ഈ ക്ഷേത്രത്തിലെ ഏറ്റവും പ്രശസ്തമായ പൂജയാണ് അഭിഷ്ടസിദ്ധി പൂജ. ഈ പൂജ മനസ്സില്‍ പ്രാര്‍ത്ഥിച്ച് വരാഹമൂര്‍ത്തിയെ ഭജിച്ചാല്‍ അഭിഷ്ട കാര്യം സാധിക്കുമെന്ന് ഭക്തജ നങ്ങള്‍ കരുതുന്നു.
ലക്ഷ്മീനാരായണ പൂജ - (വിവാഹപ്രാപ്തിക്ക്)
ശ്രീ വരാഹമൂര്‍ത്തി ശ്രീകോവിലിന് തൊട്ടുകിടക്കുന്ന മറ്റൊരു പ്രധാന ശ്രീകോവിലാണ് ലക്ഷ്മീനാരായണ പ്രതിഷ്ഠയുള്ള ഗര്‍ഭഗൃഹം ഇവിടെ ലക്ഷ്മീനാരായണ ഭഗവാന് സ്വന്തം നക്ഷത്രദിവസം തുടര്‍ച്ചയായ മൂന്നുമാസം പ്രത്യേക രുഗ്മിണികൃഷ്ണ പൂജ നടത്തിയാല്‍ മംഗല്യ ക്ഷിപ്രസാധ്യമെന്ന് പല ഭക്തന്മാര്‍ക്കും അനുഭവത്തിലുടെ തെളിഞ്ഞിട്ടുണ്ട്. ഈ പൂജ തുടങ്ങുന്നതിനുമുമ്പ് ശ്രീ വരാഹമൂര്‍ത്തിക്ക് അഭിഷ്ടസിദ്ധി പൂജ നടത്തിക്കൊള്ളാമെന്ന് നേര്‍ന്നിരി ക്കേണ്ടത് നിര്‍ബന്ധമാണ്.
അഭിഷ്ടകാര്യം നേടാനായി പന്നിയൂര്‍ ശ്രീ വരാഹമൂര്‍ത്തിയെ ഉച്ചയ്ക്കും ദീപാരാധന സമയത്തും വന്ന് പ്രാര്‍ത്ഥിക്കുന്നത് അത്യൂത്തമമാണെന്ന് ഭക്തന്മാര്‍ കരുതുന്നു. ചന്ദനം ചാര്‍ത്തി ആഭരണങ്ങളണിഞ്ഞ് ജ്വലിക്കുന്ന ആ തേജസ്സില്‍ മനസ്സിനെ അര്‍പ്പിച്ച് പ്രാര്‍ത്ഥിച്ച് നിര്‍വൃതി നേടിയാല്‍ അഭിഷ്ടം താനേ നടന്നു കൊള്ളുമെന്ന് അവര്‍ കരുതുന്നു. അതിനാല്‍ കുടുംബസമേതം ക്ഷേത്രദര്‍ശനം നടത്തുവാനും സ്വന്തം അഭിഷ്ടകാര്യസാദ്ധ്യത്തിനായി പ്രാര്‍ത്ഥിക്കുവാനും കഴിയാ വുന്ന വഴിപാടുകള്‍ ചെയ്യാനും അഭ്യര്‍ത്ഥിക്കുന്നതോടൊപ്പം നിങ്ങളേവരെയും സവിനയം പന്നിയൂര്‍ മഹാക്ഷേത്രത്തിലേക്ക് സ്വാഗതം ചെയ്തുകൊള്ളുന്നു.
ഭൂമി പൂജ ശ്രീ വരാഹ മൂര്‍ത്തിയുടെ ഇടത് വശത്ത് ഭൂമിദേവി ഇരിക്കുന്ന ഏക ശിലയില്‍ തീര്‍ത്ത് കേരളത്തിലെ തന്നെ ഏകക്ഷേത്രമാണ് പന്നിയൂര്‍ വരാഹമൂര്‍ത്തി-ഭൂമിദേവി ക്ഷേത്രം. അതുകൊണ്ട് തന്നെ ഭൂമിസംബന്ധമായ ഏതുവിധ ദോഷങ്ങള്‍ക്കുംവേണ്ടി അതിവിശേഷമായ ഭൂമിപൂജ നടത്താവുന്നതാണ്. ഭൂമി വാങ്ങുന്നതിനും വില്‍ക്കു ന്നതിനും ഭൂമിയിലുള്ള മറ്റു ദോഷങ്ങള്‍ക്കും ഗൃഹനിര്‍മ്മാണത്തിനും എന്നുവേണ്ട ഏതു വിധത്തിലുള്ള ഭൂമിദോഷങ്ങള്‍ക്കും ഭൂമിയുടെ നാലു ദിക്കില്‍ നിന്നും മണ്ണ് കൊണ്ടു വന്ന് ഭൂമിപൂജ നടത്താവുന്നതാണ്. ഭൂമിപൂജ നടത്തിയ മണ്ണ് അതേസ്ഥ ലത്ത് തന്നെ നിക്ഷേപിച്ചാല്‍ എല്ലാ വിധ ഐശ്വര്യവും സമൃദ്ധിയും കാര്യസിദ്ധിയും ലഭിക്കുകയും ചെയ്തു. ഒരു പൂജക്ക് 400 രൂപ

പന്നിയൂര്‍ മഹാക്ഷേത്രത്തിലെ ഉപക്ഷേത്രങ്ങള്‍

1 വരാഹമൂര്‍ത്തിക്ഷേത്രം
2. ശിവക്ഷേത്രം
3. അയ്യപ്പക്ഷേത്രം
4. ദുര്‍ഗ്ഗാക്ഷേത്രം
5. ഗണപതിക്ഷേത്രം
6. സുബ്രഹ്മണ്യക്ഷേത്രം
7. ലക്ഷ്മീനാരായണക്ഷേത്രം
8. കുണ്ടില്‍ വരാഹം ക്ഷേത്രം
9. ചിത്രത്തില്‍ വരാഹം
10. യക്ഷി

 

Book your Pooja

 

പന്നിയൂരപ്പന്‍

ധ്യാന ശ്ലോകം

ഭിന്നാഞ്ജന ശ്യാമ തനുർ ധരിത്രീ-
മാശ്ലീഷ്യ പോത്രേണ നിജേന ജിഘ്രൻ
ശംഖാബ്ജ ചക്രാൻ സഗദാൻ ദധാന:
പായാദ പായാത് പ്രഥമോ വരാഹ:

1) മനുജവംശത്തിനായ് മംഗളമേകുവാന്‍
സൂകരമൂര്‍ത്തിയായ് വന്നദേവാ.....
ഭൂമിയെക്കാത്തപോല്‍ എന്നെയും കാക്കണേ
പന്നിയൂര്‍ വാണിടും നാരായണാ......

2) സമ്മോഹസാഗരത്തിന്നടിത്തട്ടിലായ്
മുങ്ങിക്കിടക്കുന്നു എന്‍ മനവും
തേറ്റമേല്‍ ഏറ്റിയതിനെയുയര്‍ത്തണേ
പന്നിയൂര്‍ വാണിയും നാരായണാ....

3) ഹിരണ്യാക്ഷനെപ്പോലെ നിന്നുടല്‍ കാണുവാന്‍
ജിജ്ഞാസയുണ്ടെന്‍റെ മാനസത്തില്‍
അതിനായിഞാനിതാ വീണുനമിക്കുന്നു
പന്നിയൂര്‍ വാണിയും നാരായണാ....

4) ബ്രഹ്മദേവന്‍ പണ്ടുപ്രാര്‍ത്ഥിച്ച മാത്രനീ
ആദിവരാഹമായ് വന്നതില്ലേ......
എന്‍റെയും പ്രാര്‍ത്ഥന ഇന്നൊന്നുകേള്‍ക്കണേ.....
പന്നിയൂര്‍ വാണിടും നാരായണാ.....

5) യജ്ഞവരാഹമായ് കണ്ടങ്ങു പണ്ടന്നു
ഋത്വിക്കുകള്‍ സ്തുതിചെയ്തപോലെ
വീണുനമിച്ചു സ്തുതിച്ചിടാം നിന്നെ ഞാന്‍
പന്നിയൂര്‍ വാണിയും നാരായണാ....

6) കാഞ്ചനകാമിനീ മോഹങ്ങളില്‍ എന്നും
മഗ്നമാം എന്നുടെ മാനസത്തെ
ശുദ്ധിയാക്കിടണേ വേഗത്തില്‍ വന്നു നീ...
പന്നിയൂര്‍ വാണിയും നാരായണാ....

7) ധരയെധരിച്ചങ്ങു സംരക്ഷണം നല്‍കി
അന്തരംഗത്തിലായ് പോയ് മറഞ്ഞു
ഭാര്‍ഗ്ഗവരാമന്‍റെ ആശയാല്‍ വന്നിങ്ങു
പന്നിയൂര്‍ വാണിയും നാരായണാ....

8) ഗണപതിമുരുകനും ശ്രീ മഹാദേവനും
ശാസ്താവും ലക്ഷ്മീനാരായണനും
ദുര്‍ഗ്ഗയും കൂടിയകമ്പടി സേവിക്കും
പന്നിയൂര്‍ വാണിയും നാരായണാ....

Copyright © 2022 Panniyoor Sri Varahamoorthi Kshethram, All Rights Reserved. Terms & Conditions Enabled by Kshethrasuvidham Temple Management Solutions.